ഗുരുവാക്യം
ഗുരുവാക്യം
ജയ് ഗുരുദേവ് 🙏❤
( ഗുരു വാക്യം )
ഒരു 'ഗുരു' ആരാണ്? എന്താണ്? എന്നത് കഴിഞ്ഞ കുറേ കാലങ്ങളായി ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചു പറ്റിയ വിവാദ വിഷയമാണ്. ഇന്നും 'ഗുരു'വിനെക്കുറിച്ച് പൂർണ്ണജ്ഞാനമില്ലാത്ത ഒരുപാടുപേരുണ്ട്. ഗുരു ഒരു ജാലകം പോലെയാണ്. സ്വയം ഗുരുവെന്ന് അവകാശം ഉന്നയിക്കുന്നവരെ, നിങ്ങൾ സ്വീകരിക്കണമെന്നില്ല. നിങ്ങൾക്ക് അവരിൽ നിന്ന് എന്തെങ്കിലും ഒന്ന് ലഭിക്കുകയും അത് നിങ്ങളുടെ ജീവിതത്തിൽ ശുഭകരവും ആനന്ദകരവുമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ മാത്രം, അവരെ അംഗീകരിക്കുക അദ്ദേഹം എൻ്റെ ഗുരുവാണ് എന്നു പറഞ്ഞാൽ, അദ്ദേഹം എന്നിലെ അറിവില്ലായ്മയെ തുടച്ചുനീക്കി, എൻ്റെ ജീവിതത്തിൽ കൂടുതൽ ആനന്ദവും, ഉണർവ്വും, ഉൾക്കാഴ്ചയും ഉണ്ടാകുവാൻ നിമിത്തമായി എന്നു മാത്രമാണ്. നിങ്ങളുടെ മേൽ അവകാശമോ അധികാരമോ പ്രയോഗിക്കുന്നവർ നല്ല ഗുരു ആയിരിക്കില്ല. ഗുരു നിങ്ങളുടെ മേൽ നിബന്ധനകളോ അനുശാസനകളോ വയ്ക്കുന്നില്ല. അത് ചെയ്യണം, ഇത് ചെയ്യരുത് എന്നു പറഞ്ഞ് നിങ്ങളുടെ മേൽ ഒരു നിയന്ത്രണവും അടിച്ചേൽപ്പിക്കുന്നില്ല.
നിങ്ങളെ നിങ്ങളുടെ തന്നെ അന്തരാത്മാവുമായി ബന്ധിപ്പിക്കുന്നതാരോ, അതാണ് ഗുരു. ഗുരു നിങ്ങളെ വർത്തമാനകാല നിമിഷങ്ങളിലേക്ക് കൊണ്ടുവരുന്നു. അദ്ദേഹം നിങ്ങളുടെ സ്വകാര്യ ദു:ഖങ്ങൾ, ക്ലേശങ്ങൾ, കുറ്റബോധം, ആകുലചിന്തകൾ, ഭയം, ആശങ്ക ഇവയെല്ലാം നിങ്ങളിൽ നിന്നും തുടച്ചുമാറ്റുന്നു. നിങ്ങളെ ശുദ്ധീകരിച്ച് വെടിപ്പാക്കി, നിങ്ങളെ നിങ്ങളാകുവാൻ തന്നെ അനുവദിക്കുന്നു. സത്യത്തിൽ ഇതാണ് ഗുരു എന്ന വാക്കിൻ്റെ അർത്ഥം