ജയ്ഗരുദേവ്🙏♥
"ഗുരുവര പ്രഭോ തവ കൃപാ ദൃശാ
ഭാതിഹൃത്സ്ഥലേ ബോധ ഭാനുമാൻ"
(തുടർച്ച )
കുഴുപ്പിള്ളിക്കാവ് എന്നാണ് ഈ ക്ഷേത്രത്തിനു പേര്. ഈ ക്ഷേത്രത്തിൻ്റെ ഉല്പത്തിയെ ക്കുറിച്ച് ഒരു ഐതിഹ്യം കേട്ടിട്ടുണ്ട്.
(ഇതേ പോലെ പല ദേവീ ക്ഷേത്രങ്ങളെക്കുറിച്ചും ഇങ്ങിനെയുള്ള ഐതിഹ്യങ്ങൾ കേട്ടിട്ടുണ്ട്. സത്യമാവാം അഥവാ ആരുടെയെങ്കിലും ഭാവനയിൽ ഉദിച്ചതാവാം)
പണ്ട് ഞങ്ങളുടെ ഒരു മുത്തഫൻ -
(അച്ഛൻ്റെ അനിയനെ അഫൻ എന്നും മുത്തശ്ശൻ്റെ അനിയനെ മുത്തഫൻ എന്നുമാണ് ഞങ്ങൾ വിളിക്കുക )
കൊടുങ്ങല്ലൂർ ദേവിയെ ഭജിച്ച് അവിടെ ഉണ്ടായിരുന്നു ഏറെക്കാലം. എന്തോ കാരണം കൊണ്ട് മുത്തഫന് ഭജനം അവസാനിപ്പിച്ച് ഇല്ലത്തേക്ക് പോരേണ്ടി വന്നു. ദേവിയെ വിട്ടുപോരാൻ വയ്യാതെ, സങ്കടം സഹിക്കവയ്യാതെ കരഞ്ഞു പ്രാർത്ഥിച്ചു നമസ്കരിച്ച മുത്തഫന് ദേവി തോന്നിച്ചു
- വിഷമിക്കണ്ട , നമ്പൂരി പൊക്കോളൂ ഞാൻ കൂടെയുണ്ട്, തിരിഞ്ഞു നോക്കാണ്ട് നടന്നോളൂ. മുത്തഫൻ നേരെ നടന്നു.
ഇവിടെ രാമമംഗലത്തെത്തി.
ഇവിടെ കൊള്ളിക്കാട്ടുമല എന്നൊരു മലയുണ്ട്. പണ്ട് മലയടക്കം ആ പ്രദേശം മുഴുവൻ ഞങ്ങളുടേതായിരുന്നു.
ഈ ഭാഗത്തു വന്നപ്പോൾ ഭഗവതി കൂടെയുണ്ടൊ എന്നുറപ്പിക്കാൻ മുത്തഫൻ തിരിഞ്ഞു നോക്കി. ഒരു ജ്യോതിസ്സായി ഭഗവതിയെ പിറകിൽ കണ്ട മുത്തഫ നോട് ഭഗവതി പറഞ്ഞത്രെ - "ഞാൻ ഇവിടെ ഈ മലയുടെ താഴെ ഇരുന്നു കൊള്ളാം , ഇവിടെ ഒരു ക്ഷേത്രം പണി കഴിപ്പിക്കണം.
ദേവിയുടെ നിർദ്ദേശമനുസരിച്ച് അവിടെ ക്ഷേത്രം പണിത് ദേവിയെ കുടിയിരുത്തി.
ഈ കഥ കുറച്ചു വ്യത്യാസത്തിൽ മറ്റൊരു തരത്തിലും കേട്ടിട്ടുണ്ട് -
ഇവിടെ മുമ്പുതന്നെ ഒരു ക്ഷേത്രമുണ്ടായിരുന്നു - ഭുവനേശ്വരി പ്രതിഷ്ഠയോടുകൂടി. ക്ഷേത്രത്തിനടുത്തുവന്നപ്പോഴാണ് മുത്തഫൻ തിരിഞ്ഞു നോക്കിയത്.
അപ്പോൾ ദേവി പറഞ്ഞുവത്രെ - ഞാൻ ഇവിടെ കൂടിക്കൊള്ളാം. കൊടുങ്ങല്ലൂർ ഭഗവതിയെക്കണ്ട ഭുവനേശ്വരീ ദേവി എഴുന്നേറ്റ് സ്വീകരിച്ച് തൻ്റെ സ്ഥാനം കൊടുത്ത് ജ്യേഷ്ഠത്തിയായ ദേവിയെ ഇരുത്തിയത്രെ. ദേവിയുടെ വലതു വശത്തായി അനുജത്തി ഭുവനേശ്വരിയും .
ഈയടുത്ത കാലത്ത് ക്ഷേത്രത്തിൽ ഒരു അഷ്ടമംഗല പ്രശ്നം നടന്നിരുന്നു. അന്ന് ദൈവജ്ഞൻ പറഞ്ഞത് - ദേവി ഇവിടേക്ക് വരാൻ കാരണക്കാരനായ ആ മുത്തഫൻ്റെ പുനർജ്ജന്മമാണത്രെ ഞാൻ.🙏🙏🙏♥♥♥😌😌😌
(തുടരും )